Articles Madhyama Vicharam Details

പത്രസ്വാതന്ത്ര്യം അപ്രത്യക്ഷമായ രാത്രി

Author : ഡോ സെബാസ്റ്റ്യൻ പോൾ

calender 26-08-2025

അൻപതാണ്ടു തികയുന്ന വേളയിൽ ആഘോഷത്തിന് സുവർണ ജൂബിലി എന്നാണ് പേര്. ശ്രദ്ധേയമായ ഒരു സംഭവത്തിന്റെ അൻപതാമാണ്ട് എന്നാണ് ഗോൾഡൻ ജൂബിലിക്ക് ഡിക്‌ഷണറി നൽകുന്ന അർത്ഥം. 2025 ജൂൺ 25ന് ഇന്ത്യയിലെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് 50 വർഷം പൂർത്തിയാകുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ ശുഭ്രവസ്ത്രത്തിൽ കരിയെണ്ണയൊഴിച്ച അഭിശപ്തമായ കാലത്തിന്റെ ഓർമയെ സുവർണ ജൂബിലി എന്നു വിശേഷിപ്പിക്കാനാവില്ല. കരിനിയമങ്ങളാകുന്ന കരിനാഗങ്ങൾ വിഷം വമിക്കുന്ന പത്തികൾ വിടർത്തിയാടിയ ഇരുണ്ട കാലം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം ഏറ്റവും ഭീകരമായ ഏകാധിപത്യത്തിൻ കീഴിൽ ചതഞ്ഞരഞ്ഞ കാലം. അനുഭവിച്ചവർക്കല്ലാതെ മറ്റുള്ളവർക്ക് കണ്ടതും കേട്ടതും വിശ്വസിക്കാൻ കഴിയാതെപോയ കാലം. അനുഭവിച്ചവർതന്നെ കാലം നൽകുന്ന മറയിലും മറവിയിലും ഒന്നും ഓർക്കാതിരിക്കാൻ ശ്രമിക്കുന്ന കാലം.

അടിയന്തരാവസ്ഥയിൽ ഞാൻ പത്രപ്രവർത്തകനായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് പൂർണമായും കീഴ്പെടാതെ കൗശലത്തോടെ നിലനിൽപിന്റെ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടിരുന്ന ഇന്ത്യൻ എക്സ്പ്ര സിന്റെ തിരുവനന്തപുരത്തെ ലേഖകനായിരുന്നു ഞാൻ. ആ നിലയിൽ അടിയന്തരാവസ്ഥയുടെ ഗൗരവം അറിയുന്നതിനും അതിന്റെ രീതികൾ മനസ്സിലാക്കുന്നതിനും അവസരമുണ്ടായി. അടിയന്തരാവസ്ഥയ്ക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധപ്രകടനം നടത്തിയ സർവോദയ നേതാവ് എം.പി മന്മഥനെയും കൂട്ടരെയും സെക്രട്ടേറിയറ്റിനു മുന്നിൽ മര്യാദയില്ലാതെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് ഞാൻ കണ്ടു. 'നാവടക്കൂ പണിയെടുക്കൂ' എന്നതായിരുന്നു അടിയന്തരാവസ്ഥയിലെ ചുമർസൂക്തം. മറ്റുള്ളവർ പണിയെടുക്കുന്നതും അവരെക്കൊണ്ട് പണിയെടുപ്പിക്കുന്നതും കാണാൻ പൊതുവെ സന്തോഷമുള്ള കേരളീയർ അടിയന്തരാവസ്ഥയെ പൊതുവെ സ്വാഗതം ചെയ്തു. അടിയന്തരാവസ്ഥയുടെ ആദ്യദിവസം ഇന്ദിര ഗാന്ധിയെ പെൺഹിറ്റ്ലർ എന്നു വിളിച്ച് അപരിചിതമായ അവസ്ഥയുടെ യാഥാർത്ഥ്യം എകെജി ജനങ്ങൾക്ക് ബോധ്യമാകുംവിധം അവതരിപ്പിച്ചെങ്കിലും അടിയന്തരാവസ്ഥയോടുള്ള എതിർപ്പ് ജനകീയപ്രസ്ഥാനമായി വളർന്നില്ല. ജനങ്ങൾ അതേറ്റെടുത്തില്ല. കക്കയം പൊലിസ് ക്യാമ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി രാജൻ എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടതുൾപ്പെടെയുള്ള സംഭവങ്ങൾ മുഖ്യമന്ത്രി അച്യുതമേനോന്റെയും ആഭ്യന്തരമന്ത്രി കരുണാകരന്റെയും ജനപ്രീതി കുറയ്ക്കാൻ കാരണമായതുമില്ല.

പത്രങ്ങളെ കർശനമായ സെൻസർഷിപ്പിനു വിധേയമാക്കിയെന്നതാണ് അടിയന്തരാവസ്ഥയെ അത്രമേൽ കഠിനമാക്കിയത്. യുദ്ധവേളയിൽ അതിനുമുമ്പ് മൂന്നുതവണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും പത്രങ്ങളെ നിയന്ത്രിച്ചിരുന്നില്ല. പത്രങ്ങൾ നിയന്ത്രിതമായപ്പോൾ ആരും ഒന്നും അറിഞ്ഞില്ല. ആരും ഒന്നും അറിയാത്ത അവസ്ഥ ജനാധിപത്യത്തിനു ഹാനികരമാണ്.

കാണാതായ മകനെ അന്വേഷിച്ചലഞ്ഞ ഈച്ചരവാരിയർ എന്ന ഹതഭാഗ്യനായ വൃദ്ധൻ ഏറ്റവും അർത്ഥവത്തായി മുന്നോട്ടുവച്ചത് അറിയുന്നതിനുള്ള തന്റെ അവകാശത്തെയായിരുന്നു. പൊലീസ് പിടിച്ചു കൊണ്ടുപോയ തന്റെ മകന് എന്നു സംഭവിച്ചുവെന്നായിരുന്നു ആ പിതാവിന്റെ ചോദ്യം. അമ്മയുടെയും മകന്റെയും സ്തുതിഗീതങ്ങളാൽ ജനാധിപത്യത്തിന്റെ അന്തരീക്ഷം മലീമസമായപ്പോൾ അറിയേണ്ടതൊന്നും അറിയാതെപോയവരുടെ ഗണത്തിൽ ഭരണകൂടവും ഉൾപ്പെട്ടു. നാട് ഭരിക്കുന്നവർ നാട്ടിൽ നടക്കുന്നത് അറിയാതെപോകുന്നത് വലിയ അപകടത്തിനു കാരണമാകും. രാഷ്ട്രത്തിന്റെ സുരക്ഷിതത്വത്തിന് പത്രസ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണെന്ന് ജോൺ ആഡംസ് തയാറാക്കിയ മാസച്ചുസെറ്റ്സ് ഭരണഘടനയുടെ ആമുഖത്തിൽ പറഞ്ഞിരിക്കുന്നതിന്റെ അർത്ഥം നമുക്ക് വെളിപ്പെട്ടു.

ഇന്ദിര ഗാന്ധിയുടെ ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അസാധുവാക്കുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആറു വർഷത്തേക്ക് അവരെ അയോഗ്യയാക്കുകയും ചെയ്ത അലഹാബാദ് ഹൈക്കോടതി വിധിയും, ജയപ്രകാശ് നാരായൺ നേതൃത്വം നൽകിയ അഴിമതിക്കെതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭവുമാണ് അടിയന്തരാവസ്ഥ എന്ന കടുംകൈയ്ക്ക് കാരണമായതെന്ന് പൊതുവെ കരുതപ്പെടുന്നു. അനിവാര്യമായിത്തീർന്ന രാജി ഒഴിവാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ദുരുപദിഷ്ടമായ നീക്കമായിരുന്നു അത്. അമ്മയെ പിന്തുടർന്ന് പ്രധാനമന്ത്രിയാകാൻ കാത്തിരിക്കുന്ന സഞ്ജയ് ഗാന്ധിയെ സംബന്ധിച്ച് അനുയോജ്യമായ അവസ്ഥ ഉണ്ടാകുന്നതുവരെ അമ്മ അധികാരത്തിൽ തുടരേണ്ടത് ആവശ്യമായിരുന്നു.

ഫക്രുദീൻ അലി അഹമ്മദ്‌

ജൂൺ 25 അവസാനിക്കാൻ 15 മിനിറ്റ് ബാക്കിനിൽക്കേ കേന്ദ്ര മന്ത്രിസഭ അറിയാതെ ഇന്ദിര ഗാന്ധിയുടെ ആവശ്യപ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന വിളംബരത്തിൽ രാഷ്ട്രപതി ഫക്റുദ്ദീൻ അലി അഹമ്മദ് ഒപ്പിട്ടുകൊടുത്തതിൽ ഭരണഘടനാപരമായ പ്രശ്നങ്ങൾ നിരവധിയുണ്ടായി രുന്നു. രാഷ്ട്രപതി ഭവനിലെ കുളിത്തൊട്ടിയിൽ കിടന്ന് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൽ അതീവമായ ലാഘവത്തോടെ ഒപ്പിടുകയും, ഇനിയുമുണ്ടെങ്കിൽ ഇരിക്കാൻ പറയൂ എന്ന് മര്യാദയോടെ നിർദേശിക്കുകയും ചെയ്യുന്ന അബുവിന്റെ രാഷ്ട്രപതിക്കാർട്ടുൺ അടിയന്തരാവസ്ഥയുടെ രാഷ്ട്രീയവശത്തെ നന്നായി പ്രതിഫലിപ്പിച്ചു.

മാധ്യമസ്വാതന്ത്ര്യത്തിന്റെ ആഗോള സൂചികയിൽ ഇക്കൊല്ലം ഇന്ത്യയുടെ സ്ഥാനം 180ൽ 151 ആണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇക്കാലത്ത് ഇതാണവസ്ഥയെങ്കിൽ പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കാലത്തെ അവസ്ഥ പറയാതിരിക്കുന്നതാണ് ഭേദം. ഇന്ത്യൻ എക്സ്പ്രസും ഹിന്ദുസ്ഥാൻ ടൈംസും ദേശാഭിമാനിയും ഉൾപ്പെടെ ഏതാനും പത്രങ്ങൾ സെൻസർഷിപ്പിൽ പ്രതിഷേധിച്ച് എഡിറ്റോറിയൽ എഴുതാതെ അത്രയും സ്ഥലം ബ്ളാങ്കായി ഇട്ടു. ബ്ളാങ്ക് എഡിറ്റോറിയൽ അനുവദനീയമല്ലെന്ന് സെൻസർ പറഞ്ഞപ്പോൾ, അച്ഛൻ മകൾക്കയച്ച കത്തിലെ ഒരു ഭാഗം ആ സ്പേസിലിട്ടു. കത്തെഴുതിയ അച്ഛൻ ജവാഹർലാൽ നെഹ്റുവും കത്ത് കിട്ടിയ മകൾ ഇന്ദിരയും ആയിരുന്നിട്ടും സെൻസർ സമ്മതിച്ചില്ല. കാരണം ഉദ്ധരണി സ്വാതന്ത്ര്യത്തെക്കുറിച്ചുള്ളതായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പൂർണമായ നിരാസമായിരുന്നു അടിയന്തരാവസ്ഥ.

അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ വിലയും അനിവാര്യതയും പൂർണമായി മനസിലാക്കിയ നാ ളുകളായിരുന്നു അത്. D.E.M. O'Cracy എന്നയാളുടെ ചരമ അറിയിപ്പായി ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന പരസ്യം ഡെമോക്രസിയുടെ ചരമ അറിയിപ്പാണെന്ന് സെൻസർക്ക് മനസ്സിലായില്ല. ജയിലിലായവരുടെ പേരുകൾ പരസ്യപ്പെടുത്തുന്നതിന് ഒരു സമർത്ഥൻ സിലോൺ റേഡിയോയെ ആണ് ഉപകരണമാക്കിയത്. ചലച്ചിത്രഗാനങ്ങൾ ആവശ്യപ്പെടുന്നവരുടെ പേരുകൾ പറയുന്ന രീതി അന്ന് ആ നിലയത്തിനുണ്ടായിരുന്നു. ഓരോ ജയിലിന്റെയും സ്ഥലപ്പേര് പറഞ്ഞ് അവിടെ പാർപ്പിച്ചിരിക്കുന്നവരുടെ പേര് വായിപ്പിക്കുന്നതായി രുന്നു രീതി.

പ്രാണവായു ലഭിക്കാതെ പിടയുന്നവരുടെ ചേഷ്ടകൾ ശുദ്ധവായു ശ്വസിക്കുന്നവർക്ക് തമാശയായി തോന്നും. ഈസ്റ്റേൺ ഇക്കണോമിസ്റ്റിൽ Livestock Problems in India എന്ന ശീർഷകത്തിൽ വി.ബാലസുബ്രഹ്മണ്യം എഴുതിയ ലേഖനം ഇങ്ങനെയാണ് ആരംഭിച്ചത്: There are at present 580 million sheep in the country. അന്നത്തെ ഇന്ത്യയിലെ ജനങ്ങളുടെ എണ്ണമായിരുന്നു അത്. പ്രസിദ്ധമായിരുന്ന തുഗ്ളക്ക് വാരികയിലെ ചോയുടെ ചോദ്യോത്തര പംക്തിയിൽ ആരാണ് ഇന്ദിര ഗാന്ധി എന്ന ചോദ്യത്തിന്, മോട്ടിലാൽ നെഹ്റുവിന്റെ കൊച്ചുമകളും ജവാഹർലാൽ നെഹ്റുവിന്റെ മകളും സഞ്ജയ് ഗാന്ധിയുടെ അമ്മയും എന്ന ഉത്തരം നൽകാൻ സെൻസർ സമ്മതിച്ചില്ല. No, Mr Bhutto, No എന്ന ഇന്ത്യൻ എക്സ്പ്രസിലെ ലേഖനമാണ് കുൽദീപ് നയ്യാരെ ജയിലിലാക്കിയത്. ഭൂട്ടോ എന്ന പേര് മാറ്റി ഇന്ദിര എന്നു ചേർത്തുവായിച്ചാൽ ഇന്ത്യയിലെ അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള വിമർശനമായിരുന്നു ആ ലേഖനം.

ഇന്ത്യയിൽ പത്രങ്ങളെ നിശ്ശബ്ദമാക്കിയപ്പോഴും ലണ്ടനിലെ ദ് ടൈംസ് ഉൾപ്പെടെയുള്ള ലോകത്തിലെ പ്രമുഖ പത്രങ്ങൾ അടിയന്തരാവസ്ഥയുടെ വിമർശകരായി തുടർന്നു. അവയെ നിശ്ശബ്ദമാക്കുന്നതിനു വേണ്ടിയാണ് 1977ൽ പൊടുന്നനെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തുടർന്നുള്ള സംഭവങ്ങൾ ചരിത്രം. 1977 എന്ന വർഷം സുവർണ ജൂബിലി ആഘോഷത്തിന് അർഹമായ സുവർണസ്മരണകളുടെ വർഷമാണ്. 1975ന്റെ ഓർമയിലാണ് 1977 ആഘോഷിക്കാൻ കഴിയുക.

(മാധ്യമനിരീക്ഷകനും മുൻ എംപിയുമാണ് ലേഖകൻ)

Share